തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കിയ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകള്‍ വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ, ജില്ലയിലെ വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഇന്ന് മുതല്‍ ഏകപക്ഷീയമായി വര്‍ധിപ്പിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.
പുതിയ തീരുമാനപ്രകാരം വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് മൂന്ന് രൂപയായി ഉയര്‍ത്തും. ഇതില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി കൊണ്ടുവന്നതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് ഉടമകളുടെ വാദം. ഭൂരിഭാഗം യാത്രാക്കാരും കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ സര്‍വീസുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം,
ഗതാഗത വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ യാതൊരുവിധ ഔദ്യോഗിക
അനുമതിയും ഇല്ലാതെ ബസ് ഉടമകള്‍ നടത്തുന്ന ഈ ഏകപക്ഷീയമായ നിരക്ക് വര്‍ധനവിനെതിരെ
വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
നിയമവിരുദ്ധമായ ഈ നിരക്ക് വര്‍ധനവ് അംഗീകരിക്കില്ലെന്നും പ്രതിഷേധ പരിപാടികളുമായി
മുന്നോട്ടുപോകുമെന്നും വിദ്യാര്‍ഥി നേതാക്കള്‍ വ്യക്തമാക്കി. ഈ തീരുമാനം ജില്ലയില്‍
വലിയ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കും സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും
തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും കാരണമാകും.
